സ്മരണ

വര്ഷങ്ങളുടെ ഇടവേളകൾ നൽകിയ വെളുത്തമുടിയും ചൂടി ഈ പടുകിഴവനായ താൻ എന്തിനാണീ തിരക്കേ റിയ നഗരത്തിലെത്തിയതെന്ന സംശയം ഒരു പക്ഷെ ആദ്യം തോന്നുക അവൾക്കു തന്നെയാ കും.
വർഷങ്ങൾക്കപ്പുറമുള്ള കഥകളെല്ലാം ഒരു പക്ഷേ അവളിൽ അവശേഷിക്കുന്നുണ്ടാകില്ല. തനിക്കു പോലുംഈ മറവിയെ ഇടക്കിടക്ക് ശപിക്കേണ്ടി വരുന്നി ല്ലേ. അപ്പോൾ തിരിച്ചറിഞ്ഞില്ലെങ്കിൽ എങ്ങനെ യാണവളെ !…

നാളുകൾ ഒരുപാടാ യിരിക്കുന്നു. നഗരത്തിന്റെ മുഖച്ചായ
തന്നെ മാറിയിരിക്കുന്നു. എങ്ങോട്ടാണ് പോവുക !
ആരോടാണ് ചോദിക്കുക? അറിയില്ല… വെറുതെ മനസ്സിൽ തോന്നിയൊരു പാഴ് ചിന്തയുമായി ഈ ആറാം കാലത്ത്‌ താനല്ലാതാരാണ് ഇറങ്ങി പുറപ്പെടുക. അവളെ ഒന്ന് കാണുക അത്രയേ വേണ്ടു.

വർഷങ്ങൾക്കു മുൻപ് കവിതയും ലഹരിയും മാത്രമാണ് ജീവിതം എന്ന തോന്നലിൽ പല കവിയരങ്ങു കളും അടക്കി വാണോരു ഭൂതകാലമുണ്ടായിരുന്നു. അന്ന് തലസ്ഥാനത്തു നടന്ന ഒരു കവി സംഗമം. അതിൽ “കവിതയും കാൽ പ്പനികതയും ” എന്ന വിഷയത്തിൽ മതി വരാതെ സംസാരിച്ച ദേവകി എന്ന എഴുത്തുകാരി. അതായിരുന്നു എല്ലാത്തിന്റെയും തുടക്കം. കവിതയോടുള്ള പ്രണയം കവിയത്രിയിലേക്കും പടർന്നു.

“ഇന്നിപ്പോൾ എവിടെയാണ് അവളെ അന്വേഷിക്കുക! എന്തൊരു വിഡ്ഢി യാണ് ഞാൻ.. അവൾ ഈ ലോകത്തുണ്ടോ എന്നുപോലും ചിന്തിക്കാതെ…”

ഒടുവിൽ അങ്ങോട്ടേക്കു തന്നെ വന്നു. നമ്മുടെ കൂടി ക്കാ ഴ്ച കൾക്ക് വേദിയായിരുന്ന ഈ കടൽ തീരത്തേക്ക്. ദേവകി പൊതുവെ നിശബ്ദയാ യിരുന്നു. എന്നാൽ അവൾക്കേ റ്റവും ഇഷ്ടം ഈ കടലിരമ്പലി നോടും. അവൾക്കൊരിക്കലും ഈ കടലിനോടും തിരകളോ ടും മടുപ്പ് തോന്നിയിരുന്നില്ല.

ഒരേ കാഴ്ചകൾ കണ്ട് മടുപ്പ് തോന്നാറില്ലേ എന്നു ചോദിച്ചാൽ
ഒരേ കാഴ്ചകൾ കാണാനാണ് മനുഷ്യന് ഏറെ ഇഷ്ടംഎന്ന ഫിലോസഫിയാണ് ഉത്തരം.

ഇന്നീ കടൽ തീരം എന്തൊക്കെ യോ പറയുന്നുണ്ടെന്നോട്.. ഒരുപക്ഷേ അവളുടെ വിശേഷങ്ങൾ തിരക്കുന്നുണ്ടാകാം. ഞങ്ങളുടെ അവസാന സംഗമഭൂമിയും ഇതായിരുന്നല്ലോ..

ദേവകി അന്നും ശാന്തയായി രുന്നു. പറഞ്ഞു തീർക്കുവാ നുള്ളതെല്ലാം തെല്ലും ഇടവേള യില്ലാതെ ഞാൻ പറഞ്ഞു നിർത്തി.

“ഒരേ കാഴ്ചകളോട് ചില മനുഷ്യർ ക്കു മടുപ്പാണ്. അവർക്കതിൽ പുതുമകൾ തീർക്കാൻ കഴിയില്ല. ”

-ഇത്രയും പറഞ്ഞവൾ നടന്നകന്നു.

ഇന്ന് തിരിച്ചറിവിന്റെ പല വർഷങ്ങൾക്കിപ്പു റം ഈ കാഴ്ചകൾ എനിക്ക് നിർവചിക്കാൻ കഴിയും. പറയാൻ കഴിയാതെ ഉള്ളിൽ ഒതുക്കിയവയെല്ലാം തീരത്തി നു നൽകി അലതല്ലി ഒഴുകുന്ന കടലിനെ പോലും.

ഹരിത

Advertisements

മനുഷ്യാന്തരങ്ങൾ

“ഓർമ്മകളുടെ കണികകൾ പൊട്ടിച്ചിതറിയപ്പോൾ അവർ എന്നെ വിളിച്ചു ‘ഭ്രാന്തി’…ഞാനത് തിരുത്താനും ശ്രമിച്ചില്ല..ഇല്ല ..എന്ന് വാദിക്കുന്തോറും അതെയെന്ന് സ്ഥാപിക്കാൻ അവർ ശ്രമിക്കും. എന്തിന് …ഒന്നില്ലെങ്കിലും സ്വന്തായിട്ട് ഒരു ഭ്രാന്തി വീട്ടിലുണ്ട്ന്ന് അവർക്ക് വീമ്പു പറയാലോ”

ആ വാക്കുകൾ ഭദ്രയെ ഒരുനിമിഷം പലതും ഓർമപ്പെടുത്തി.

സരസ്വതി അമ്മാൾ , പ്രായം ചെന്ന ഒരാളുടെ തന്നെ ഇന്റർവ്യൂ വേണമെന്ന് എഡിറ്റർ വാശി പിടിച്ചപ്പോൾ മനസ്സിൽ വന്ന പേര് അതാണ്.പക്ഷേ അതിപ്പോൾ ഇങ്ങനെ ആകുമെന്ന് ആരറിഞ്ഞു. ഇന്റർവ്യൂവിനു അനുമതി വാങ്ങി
മ്യൂസിയത്തിൽ ഞങ്ങൾ ഒത്തുകൂടി. തികച്ചും അപരിചിതരായ രണ്ടു ആത്മാക്കൾ.ഒരാൾ തന്റെ എഴുപതുകളിലേക്കു കടക്കാൻ പാടുപെടുന്നു, മറ്റെയാൾ തന്റെയ ഇരുപത്തിയഞ്ചാം വയസ്സിൽ ജീവിതം കെട്ടിപ്പടുക്കാൻ ഓടി നടക്കുന്നു.

നിറഞ്ഞ പുഞ്ചിരിയോടെ അവർ എന്നെ സ്വാഗതം ചെയ്തു.

“ഭദ്ര…അല്ലേ..വരൂ.. ” പ്രായത്തിന്റേതായ അവശതകൾ ഒന്നും ആ മുഖത്തില്ല.. ഞാൻ മനസ്സിൽ ഓർത്തു.

“യൗവനത്തിന്റെ പ്രസരിപ്പ് ആ മുഖത്തും ഇല്ലെടോ… ”

അതും പറഞ്ഞവർ ഒന്ന് മന്ദഹസിച്ചു.
ഒരേ സമയം ഞെട്ടലും അത്ഭുതവും കൊണ്ട് ഞാൻ ചോദിച്ചു

“അതെങ്ങനെ ..? ഞാൻ മനസ്സിൽ !..”
പറഞ്ഞു മുഴുവിപ്പികും മുന്നേ വന്നു മറുപടി.

“എനിക്ക് ലേശം ഭ്രാന്ത് ഉണ്ടെടോ..”
, അത് കേട്ടതും ഞാൻ ചിരിക്കാൻ തുടങ്ങി..കൂടെ തന്റെ വായിലെ വയ്പ്പ് പല്ലൊതുക്കി ആ സ്ത്രീയും.
വീണ്ടും വന്നു ചോദ്യം ,

“അല്ല ഭദ്രേ… ഇയാളെന്തിനാണ് എന്റെ ഇന്റർവ്യൂ തന്നെ വേണമെന്ന് വാശിപിടിക്കണെ..കൈകൾക് ബലമില്ലാത്ത ഓർമ്മക്കു സ്ഥിരതയില്ലാത്ത അറിയാതെ കരയുകേം ചിരിക്കേം ചെയ്യണ എന്നെ ?”

ഇതാ ജീവിതത്തിൽ ആദ്യമായി ഈ ജേര്ണലിസ്റ്റിനോട് ഒരാൾ ചോദ്യം ചോദിക്കുന്നു. കൊടുക്കാനുള്ള ഉത്തരം വളരെ ലളിതമായിരുന്നു.

“സ്വപ്‌നങ്ങൾ ചിറകിലൊതുക്കി വഴിമാറിപ്പോയൊരു എഴുത്തുകാരിയെ എനിക്കറിയാം..ജീവിതത്തിൽ ഒരിക്കലെങ്കിലും അവരുടെ മുഖം ഈ ലോകം കാണണമെന്ന തോന്നൽ”.

തിരികെ ഒരു ഉത്തരത്തിനപ്പുറം നിറഞ്ഞൊഴുകിയ ആ കണ്ണുകൾക്കു പറയാനുണ്ടായിരുന്നു പലതും.

“സ്കൂളിൽ പഠിക്കുമ്പോൾ ആഴ്ചപ്പതിപ്പിന്റെ ഒരു കോണിൽ സരസ്വതി അമ്മാളിന്റെ കഥകൾ വന്നിരുന്നു.അവ അന്നത്തെ പത്തുവയസ്സുകാരിയെ സ്വപ്‌നങ്ങൾ നെയ്യാൻ പഠിപ്പിച്ചു.എന്നാൽ
പിന്നീടാ കഥകളെയെല്ലാം ഒരു പുരുഷന്റെ തലക്കെട്ടോടു കൂടി വായിച്ചപ്പോൾ ആ വരികളിൽ ഒരാത്മാവ് പിടയുന്നത് കാണാൻ കഴിഞ്ഞു.”

ഒരു നിമിഷത്തെ മൗനത്തിനു ശേഷം ആ സ്ത്രീയിൽ പ്രത്യേകതയാർന്നൊരു പ്രകാശം ഞാൻ കണ്ടു.

“അപ്പോൾ എന്റെ ഭ്രാന്തിനെ പലരും ശ്രദ്ധിച്ചിരുന്നു. അല്ലേ…”

“കണ്ടുപിടിക്കുക വളരെ ശ്രമകരമായിരുന്നു..എന്തായാലും ഒരു ജേര്ണലിസ്റ്റല്ലേ..അതുകൊണ്ട് അവയൊന്നും കഷ്ടപ്പാടായി തോന്നിയില്ല..”

ഞാൻ പറഞ്ഞു.

“കാലാന്തരങ്ങൾക്കിപ്പുറവും ഒരു ഭ്രാന്തിയുടെ ജല്പനം എന്നതിലുപരി ആരുമെന്നെ മനസിലാക്കിയില്ല
വീടിന്റെ നാലുചുവരുകൾക്കുള്ളിൽ അക്ഷരങ്ങൾ ഞെരിഞ്ഞമർന്നപ്പോൾ മക്കളും വിളിച്ചു ഭ്രാന്തി ..ഇന്ന് പേരക്കുട്ടികളും അത് തുടരുന്നു. പക്ഷേ നീ… നമ്മൾ തമ്മിൽ വർഷങ്ങളുടെ അന്തരം ഉണ്ട്, ചിന്തകൾ തമ്മിൽ പോലും അന്നും ഇന്നും സാമ്യത ഉണ്ടെന്നു തോന്നുന്നില്ല. പിന്നെങ്ങനെ എന്നെ ? ”

വീണ്ടും ആ കൃത്രിമമായ പല്ലുകളൊതുക്കി അവർ ചോദിച്ചു.

“സ്വപ്‌നങ്ങൾ ഒന്നായിരുന്നു.തലമുറകൾക്കപ്പുറം നിന്ന് സരസ്വതി അമ്മാൾ നെയ്ത സ്വപ്നവും ഇന്ന് ഞാൻ കാണുന്ന സ്വപ്നവും ഒന്ന് തന്നെ.തലമുറകൾ വ്യത്യസ്തമാണ്.ചിന്തകളും മാറുന്നു..ഇവയെല്ലാം തന്നെ തികച്ചും വ്യർത്ഥമായ
ന്യായീകരണങ്ങളാണ്.അന്നും ഇന്നും നാളെയും അങ്ങനെയെന്നും മനുഷ്യർ ഒരുപോലെയാണ്.”

എന്റെ ഉത്തരം ആ സ്ത്രീയിൽ എത്രത്തോളം സ്വാധീനം ചെലുത്തി എന്നറിയില്ല.ഒരു ചെറു പുഞ്ചിരിയിൽ എല്ലാം അവസാനിപ്പിച്ചവർ നടന്നകന്നു.

പിന്നീട് ഇതാ ഇന്ന് ഈ പ്രസ്സ് ക്ലബ്ബിലാണ് ഞാനവരെ കാണുന്നത്. അവരിൽ നിന്നുതിരുന്ന ഓരോ വാക്കിലും ആ ജനക്കൂട്ടം ആരവം മുഴക്കുന്നു. “മനുഷ്യാന്തരങ്ങൾ” എന്ന തന്റെ ഏറ്റവും പുതിയ പുസ്തകം പ്രകാശനം ചെയ്തുകൊണ്ടവർ ചോദിച്ചു..
” കാലങ്ങൾക്കിപ്പുറം നിങ്ങൾ എന്നെ വായിക്കുന്നു..അപ്പോൾ ഏതു തലമുറയാണ് എന്നെ അന്യയായി കണ്ടത് ? ഇനി മനുഷ്യർ തമ്മിൽ അന്തരം ഉണ്ട് എങ്കിൽ ,ഏതാണ് ആ അന്തരമുള്ള തലമുറയാകാനുള്ള പ്രായം ?

അതിനുള്ള ഉത്തരമായി ഞാൻ മുഴക്കിയ ഉച്ചത്തിലുള്ള കയ്യടി പോലും ആ അലയൊലികളിൽ അലിഞ്ഞില്ലാതായിരുന്നു.

ഹരിത

മൂന്നാം ലിംഗവും പിന്നെ കുറേ ഒന്നാം ലിംഗക്കാരും

കേരളത്തിൽ ലിംഗ രാഷ്ട്രീയം ദുർബലമാണ് ആദ്യ വായനയിൽ അതിനുള്ളിലെ അർഥശൂന്യതയോട് കുറച്ചനുഭാവം തോന്നി എന്നാൽ ഗൗരവമേറിയൊരു പരന്ന വായന തികച്ചും യാഥാർഥ്യമായ മറ്റൊരു തലത്തിലേക്കു ചിന്തയെ കൊണ്ടെത്തിക്കുന്നു. ലിംഗരാഷ്ട്രീയം ആ വാക്കിനു തന്നെ ആൺ-പെൺ എന്ന് വിഭജിച്ചു നിൽക്കാനാണിഷ്ടം.എന്നാൽ വെറും ആൺ പെൺ ബന്ധങ്ങളിലെ രാഷ്ട്രീയതയെ കുറിച്ചുള്ള പരാമര്ശമായി മാത്രം ഈ വരിയെ നിര്‍വചിക്കാനുമാകില്ല. കാരണം ഇത്തരം ബന്ധങ്ങളിൽ നിലനിൽക്കുന്ന അധികാര വികേന്ദ്രീകരണവും അതിലെ അസമത്വങ്ങളും പഴക്കം ചെന്ന പൊതുചർച്ചാ വിഷയമാണ്. എന്തിനേറെ പറയുന്നു മലയാള സാഹിത്യത്തിൽ പോലും അതിന്റെ അലയൊലികൾ അവശേഷിക്കുന്നുണ്ട്. കെ സരസ്വതിയമ്മ ,ലളിതാംബിക അന്തർജ്ജനം, മാധവിക്കുട്ടി തുടങ്ങിയവർ ഈ വിഷയത്തിന്റെ ആഴവും പരപ്പും സങ്കീർണതകളും കേരളസമൂഹത്തിനു കാട്ടിത്തന്നിരുന്നു. എന്നാൽ ഭരിക്കേണ്ടവന്റെ അധിക്കാരം പേറുന്ന പുരുഷനും ഭരിക്കപ്പെടേണ്ടവന്റെ അധികാരശൂന്യത കാട്ടുന്ന സ്ത്രീയുമാണ് കൈരളിയുടെ യശസ്സ് കുട്ടുകയെന്ന മിഥ്യാബോധം നാം തുടർന്നുകൊണ്ടേയിരുന്നു. അങ്ങനെ മർദ്ദകനും മർദ്ദിതയും തമ്മിലുള്ള പോരാട്ടം വാശിയോടെ മുന്നേറിയപ്പോൾ പുതിയൊരുപറ്റം മനുഷ്യരവരോടടുത്തു വന്നു. ഇതുവരെ കണ്ടുപോന്ന ഉത്തമ മാതൃത്വവതികളായ സ്ത്രീജനങ്ങൾക്കും പുരുഷാധിപധ്യകോമരങ്ങള്‍ക്കും ആ മനുഷ്യജീവികളുടെ അസ്തിത്വം അധികം ബോധിക്കാത്തതുകൊണ്ടു തന്നെ മൂന്നാംലിംഗമെന്ന ഓമനപ്പേരിട്ടവരെ പടിക്കപ്പുറം നിർത്തി. ശേഷം ഒന്നാംലിംഗ പദവിക്കായുള്ള മുറവിളി ഉച്ചസ്ഥായിയിലാക്കി. പൊതുവേ എന്തിനേയും സ്വീകരിക്കാൻ മനസ്സുള്ള സ്ത്രീജനങ്ങൾ അധികാരം ത്യജിച് അധികാരശൂന്യത തേടി എത്തിയവരെ തങ്ങളോട് ചേർത്ത് നിർത്തി. എന്നാൽ അധികാരശൂന്യത വെടിഞ്ഞു അധികാരം നേടിയെടുക്കാൻ പോയവരോ? ഇവിടെയാണ് ആദ്യം പറഞ്ഞ വരിയുടെ പ്രാധാന്യം വ്യക്തമാകുന്നത്. കേരളത്തിൽ ലിംഗരാഷ്ട്രീയം വളരെയേറെ ദുർബലമാണ്. മനുഷ്യ മനസ്സിന്റെ അരക്ഷിതാവസ്ഥ ഇവിടെ തുറന്നുകാട്ടപ്പെടുന്നു. ഭരിക്കപ്പെടേണ്ടവന്റെ തട്ട് അണികളാൽ സമ്പന്നമായിരിക്കുന്നതും ഭരിക്കുന്നവന്റെ ഭാഗത്തേക്ക് പുതിയ നേതാക്കന്മാരെ സ്വീകരിക്കാൻ വിമുഖത കാട്ടുന്നതരത്തിലേക്ക് മനുഷ്യന്റെ ചിന്തകൾ ചുരുങ്ങി ഇത്തരം ചിന്താമണ്ഡലങ്ങളിൽ നിന്നും മാറി എന്നാണോ മനുഷ്യനെ മനുഷ്യനായി നിർവചിക്കാൻ നാം തയ്യാറാകുന്നത് അന്ന് പലപൊയ്ക്കഥകൾക്കും തിരശീലയിടാൻ നാം പഠിക്കും.

ഹരിത

ജീവനുള്ള മനുഷ്യന്‍

“രവിയെ കാണാനില്ല.”

ചൂടോടെ എത്തിയ ആ വാര്‍ത്തയ്ക്ക്പക്ഷേ ഓഫീസില്‍ യാതൊരു ചലനവുമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ തിരുവനന്തപുരത്തേയ്ക് സ്ഥലം മാറ്റം കിട്ടിയെത്തിയ ആദ്യദിവസവും ഈ രവിയെ കാണാനില്ലായിരുന്നു. അന്ന്പ്യൂണ്‍ ദാമോദരേട്ടന്‍ പറഞ്ഞതോര്‍മ്മയുണ്ട്

“ആ രവി സാറിനേ… ലേശംയാത്രേടെ സൂക്കേടുണ്ട്”

അതുകേട്ട് അന്ന് ഓഫീസിലുള്ളവര്‍ ആര്‍ത്തുചിരിച്ചു. ഇന്നിതാ രവിയെ വീണ്ടുംകാണാനില്ല. മൂന്നുമാസം കൂടുമ്പോഴുള്ള ആ ചെറുപ്പക്കാരെന്റെ തിരോധാനത്തെപറ്റി അന്നത്തെ പതിനൊന്നുമണി ചായക്കമ്മീഷന്റെ വക ഒരു ചൂടന്‍ ചര്‍ച്ചയും നടന്നു. എന്നാല്‍ ഉച്ചയൂണില്‍ ആ വാര്‍ത്ത തികച്ചും അപ്രസക്തമായ ഒന്നായി മാറി. ഓഫീസിൽ വന്നു ഏകദേശം ഒരാഴ്ച്ച കഴിഞ്ഞാണ് ഞാന്‍ രവിയെ പരിചയപ്പെടുന്നത്. ഇടക്കിടക്കു യാത്ര എന്ന പേരിൽ അപ്രത്യക്ഷനാകുന്ന ആ ചെറുപ്പക്കാരൻ ഓഫീസിൽ പലരുടെയും അസൂയാഭാജനമായിരുന്നു. വൈകുന്നേരങ്ങളിലെ ചായവേളകൾ ഞങ്ങളെ പരിചതരാക്കി. കുശലാന്വേഷണങ്ങൾക് ഇടയിൽ എപ്പോഴോ അയാളുടെ യാത്രകമ്പവും ചർച്ചാവിഷയമായി.

“ഇതെന്താടോ രവീ തനിക് ഈ യാത്രയുടെ സുക്കേടൊക്കെ ?”

“സുക്കേടോ ?” – രവി ആർത്തു ചിരിക്കാൻ തുടങ്ങി.ആറടി പൊക്കമുള്ള ആ മനുഷ്യനിലെ ഗാംഭീര്യമാര്‍ന്ന ആ ശബ്ദം എന്നെ ചെറുതായൊന്നു ചൂളിച്ചു.

“അതേടോ, ദാമോദരേട്ടൻ അങ്ങനെയാണ് തന്നെ എനിക്ക് പരിചയപ്പെടുത്തിയത്.”

” അതെയോ…ഏതയാലും ആ പ്രയോഗം എനിക്ക് സുഖിച്ചിരിക്കുന്നു… എങ്കിൽ പറയു.. സുധി സർ പുസ്തകത്താളുകളുടെ നിറം എന്താണ്?”

“വെളുപ്പ്.”- സംശയമന്യേ ഞാൻപറഞ്ഞു..

“എങ്കിൽ ജീവിത താളുകളുടെയോ ?”

-അറിയില്ല ഒരു നിമിഷം ഞാൻ നിശബ്ദനായി.

“പുസ്തകത്താളുകൾക് നിറം നൽകുന്നത് അതിലെ കറുത്ത അക്ഷരങ്ങൾ ആണ്.ജീവിതത്താളിനു നിറം കൊടുക്കുന്നത് ജീവനുള്ള മനുഷ്യരും…ഈ പ്രത്യയ ശാസ്ത്രം മതി ജീവിക്കാൻ..”

– ഇത്രയും പറഞ്ഞു രവി ചിരിക്കാൻ തുടങ്ങി…വീണ്ടും അതേ ഗാഭീര്യമാര്‍ന്ന ശബ്ദം…

“അപ്പോൾ ജീവനുള്ള,നന്മയുള്ള മനുഷ്യർ ഈ ഭൂമിയിൽ ഇല്ല അല്ലേ? രവീ…”

ഞാനും എന്റെ ചിന്തകളെ ഉണര്‍ത്തി.

“ഒരിക്കലുമല്ല..പദ്മരാജൻ എഴുതിയത് ഓർമയില്ലേ, ഒരാളെ സംബന്ധിച്ചിടത്തോളം നന്മ എന്ന് പറയുന്നത് അയാൾക് സന്തോഷം കൊടുക്കുന്ന ആസ്വാദ്യകരമായ കര്യങ്ങൾ ആണ്.പാപം എന്നുപറയുന്നത് മടുപ്പിനെയും.എല്ലാവരും നന്മയുടെ സൂര്യന്മാരാണ്..എല്ലാരും പാപികളും.”

“അപ്പോൾ ദാമോദരേട്ടന് തെറ്റി..രവിക്ക് യാത്രേടെ സുക്കേടുമാത്രം അല്ല വായനേടെ സുക്കേടും കുടി ഉണ്ട്.”

വീണ്ടും ആർത്തുചിരിച്ചു കൊണ്ടയാള്‍ പറഞ്ഞു.

“ഹേയ്..വായനയുടെ സൂക്കേട് അല്ല..ഒരുതരം ആർത്തി..അതെനിക് അല്ല..എന്റെ പ്രേയസിക്കാണ്. അരുന്ധതി..അവളുടെ പല ഫിലോസഫികളെയും ഞാൻ സ്വയം ന്യായീകരിക്കാനിങ്ങെടുക്കും …അത്ര തന്നേയ്…ഈ യാത്രകളും അത്തരം ഒരു ഫിലോസഫി ആണ്..ജീവനുള്ള മനുഷ്യനാകാനുള്ള ഫിലോസഫി.”

അന്നത്തെ ആ സൗഹൃദ സംഭാഷണം രവി എന്ന ഉറ്റ സുഹൃത്തിനെ എനിക്ക്നൽകി. അയാൾ പലപ്പോഴുംതന്റെ യാത്രാസൂക്കേട് പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു. എന്നാൽ തീര്‍ത്തും വ്യത്യസ്തമായി..ആ പാലായനങ്ങളെ പറ്റി എനിക്ക് സൂചനകൾ നൽകാന്‍ തുടങ്ങിയിരുന്നു.

എന്നാൽ ഇന്ന്, ഇത്തവണ അയാൾ എങ്ങോട്ടേക്കാണ് പോയത്..? രണ്ടുദിവസം മുൻപ് പോസ്റ്മാൻ രാഘവേട്ടന്‍ ഒരു കത്ത് രവിയ്ക് നൽകിയിരുന്നു…അതിനു ശേഷമുള്ള അയാളുടെ അസ്വസ്ഥത …ഒരുപക്ഷേ ആ കത്തായിരിക്കാം ഇത്തവണത്തെ യാത്രയുടെ ലക്ഷ്യം!

ആഴ്ചകൾ കഴിഞ്ഞു…രവിയുടെ യാതൊരു അറിവും ഇല്ല.അരുന്ധതിയുടെ തിളക്കമുള്ള കണ്ണുകൾക്ക് തീരെ ശോഭയില്ലാതായിരിക്കുന്നു. അവരുടെ മകൾ അമേയ രവിയുടെ ഭാഷയിൽ , അതിരുകള്‍ക്കതീതമായവള്‍, ഭാവഭേദമന്യേ ആ മൂന്നുവയസ്സുകാരി തന്റെ പാവക്കുഞ്ഞുങ്ങളോട് കുശലാന്വേഷണം നടത്തുകയാണ്..മ്ലാനമുഖരിതമായ ആ അന്തരീക്ഷത്തോട് യാത്രപറഞ്ഞിറങ്ങവതീർത്തും അപ്രതീക്ഷിതമായി…അതാ രവി. എപ്പോഴെത്തേയും പോലെ നിറപുഞ്ചിരിയോടെ മുന്നില്‍ ആ ആറടിപ്പൊക്കമുള്ള മനുഷ്യന്‍.

“കത്ത്!”- എന്റെ ചോദ്യം മുഴുവിപ്പികും മുൻപ് രവി പറഞ്ഞു തുടങ്ങി…

“മകൾ…അവളുടെ വിവാഹം..തികച്ചും അപ്രതീക്ഷിതമായ ഒരു യാത്രയായിരുന്നു ഇത്തവണ.പോയില്ലായിരുന്നുവെങ്കിൽ നഷ്ടങ്ങളൊന്നുമുണ്ടാകുമായിരുന്നില്ല പോയതുകൊണ്ട് ലാഭവും. യാത്രകൾ അങ്ങനെയാണ്…നവ്യാനുഭവങ്ങൾ നൽകി ഒരപരിചിതനെ പോലെ കടന്നുപോകും.”

“രവി ചെല്ലൂ. അരുന്ധതിയും മകളുംകാത്തിരിക്കുന്നു..”

വാക്കുകളാൽ ഒരു ലോകം സൃഷ്‌ടിച്ച ആ മനുഷ്യനോട് ഇതിനപ്പുറം ഒന്നും പറയാനില്ലായിരുന്നു…
രവിയുടെ ഒരാലിംഗനത്തിൽ അരുന്ധതിയുടെ പരാതിയും പരിഭവങ്ങളും അലിഞ്ഞില്ലാതായി..അമേയയുടെ കുസൃതിച്ചിരി അപ്പോഴേക്കും നാലുദിക്കുകളെയും ഭേദിച്ച് ഒഴുകിത്തുടങ്ങിയിരുന്നു.

ഹരിത